ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ മൂന്നു പള്ളികളിൽനിന്നായി 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഉണ്ടായ സംഭവം നൈജീരിയൻ ഭരണകൂടം നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതായി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.
കഡുന സംസ്ഥാനത്ത് കുർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്ത് ആക്രമണം നടന്നുവെന്നാണു റിപ്പോർട്ട്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന സഭയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയിലെ ഒരു പള്ളിയിലുമായിരുന്നു സംഭവം. മുന്തിയ തരം ആയുധങ്ങളുമായി എത്തിയ അക്രമികൾ വിശ്വാസികളെ പുറത്തിറക്കി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചുവെന്നാണു കഡുന സംസ്ഥാന വൃത്തങ്ങൾ അറിയിച്ചത്.
ഇതിനിടെ, സംഭവം നടന്നതായി സ്ഥിരീകരിക്കാൻ ആദ്യം തയാറാകാതിരുന്ന കഡുന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആരുടെയെങ്കിലും പേരുവിവരങ്ങൾ നല്കാൻ കഡുന സംസ്ഥാന പോലീസ് കമ്മീഷണർ അൽഹാജി മുഹമ്മദ് റാബിയു തിങ്കളാഴ്ച വെല്ലുവിളിച്ചിരുന്നു. 300 പേരെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥരും പട്ടാളക്കാരും സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോകലിനു തെളിവു ലഭിച്ചില്ലെന്നുമാണു കമ്മീഷണര് പറഞ്ഞത്.
എന്നാൽ, ചൊവ്വാഴ്ച രാത്രി പോലീസ് വക്താവ് ബെഞ്ചമിൻ ഹൺദെയിൻ തട്ടിക്കൊണ്ടുപോകൽ നടന്നതായി സ്ഥിരീകരിച്ചു. കമ്മീഷണർ സംഭവം നിഷേധിച്ചതല്ലെന്നും സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതുവരെ സ്ഥിരീകരണം വൈകിച്ചതാണെന്നും പോലീസ് വക്താവ് അവകാശപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്ന് ഏതുവിധവും വരുത്തിത്തീർക്കാനാണ് നൈജീരിയൻ ഭരണകൂടം ശ്രമിച്ചതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നൈജീരിയയിൽ പതിവായെന്നും ഇതു തടയാൻ ഉടനടി ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഡുനയുടെ സമീപമുള്ള നൈജർ സംസ്ഥാനത്ത് നവംബറിൽ കത്തോലിക്കാ സ്കൂളിൽനിന്ന് മുന്നൂറിലധികം വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിച്ചു.